September 7, 2025
Islam

ഭാര്യമാരെ ഭീഷണിപ്പെടുത്താനും അല്ലാഹു!

നബിയേ, നിന്‍റെ ഭാര്യമാരോട്‌ നീ പറയുക: ഐഹികജീവിതവും അതിന്‍റെ അലങ്കാരവുമാണ്‌ നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ വരൂ! നിങ്ങള്‍ക്ക്‌ ഞാന്‍ ജീവിതവിഭവം നല്‍കുകയും, ഭംഗിയായ നിലയില്‍ ഞാന്‍ നിങ്ങളെ മോചിപ്പിച്ച്‌ അയച്ചുതരികയും ചെയ്യാം
അല്ലാഹുവെയും അവന്‍റെ ദൂതനെയും പരലോകഭവനത്തെയുമാണ്‌ നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തകളായിട്ടുള്ളവര്‍ക്ക്‌ അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്‌.[33:28,29]


“അഹ്സാബ് യുദ്ധത്തെ തുടര്‍ന്ന് ഖുറൈളയുടെയും നളീറിന്റെയും സ്വത്തുക്കള്‍ മുസ്ലിംങ്ങള്‍ക്ക് അധീനമായല്ലോ. ഇതു വഴി നബിതിരുമേനിക്കു കുറെ ധനം കൈവന്നിട്ടുണ്ടെന്നു മനസ്സിലാക്കിയ അവിടുത്തെ പത്നിമാര്‍ തിരുമേനിയുടെ അടുക്കല്‍ ചെന്ന് തങ്ങളുടെ ഇല്ലായ്മയും വല്ലായ്മയും പറയാന്‍ തുടങ്ങി. ഇതു തിരുമേനിയുടെ ഹൃദയത്തിനു വല്ലാത്ത വേദനയുണ്ടാക്കി. ഇതിനെ തുടര്‍ന്നാണു അല്ലാഹു ഇപ്രകാരം ഒരു ആയത്ത് അവതരിപ്പിച്ചത്……
ഒമ്പതു പേരാണ് ഈ സമയത്ത് നബിയുടെ പത്നിമാരായി ഉണ്ടായിരുന്നത്. ഖുറൈശീ ഗോത്രത്തില്പെട്ട ആയിശ, ഹഫ്സ, ഉമ്മുഹബീബ, സൌദ, ഉമ്മുസലമ എന്നിവരും സ അദ് വംശക്കാറ്റിയായ സൈനബ്, ഹിലാല്‍ ഗോത്രക്കാരിയായ മൈമൂന, നളീര്‍ വംശത്തില്പെട്ട സ്വഫിയ്യ, മുസ്ത്വലഖ് ഗോത്രക്കാരിയായ ജുവൈരിയ എന്നിവരുമായിരുന്നു അവര്‍. …
മുസ്ലിം , അഹ്മദ് തുടങ്ങിയവര്‍ ജാബിര്‍ മുഖേന നിവേദനം ചെയ്തിട്ടുള്ള ഒരു ഹദീസിന്റെ സാരം ഇവിടെ സന്ദര്‍ഭോചിതമാകും . അദ്ദേഹം പറയുന്നു: “അബൂബക്കര്‍ നബിയുടെ വാതില്‍ക്കല്‍ വന്നു സമ്മതം ചോദിച്ചു. വാതില്‍ക്കല്‍ കുറെ ആളുകള്‍ കൂടിയിട്ടുണ്ടായിരുന്നു. സമ്മതം കിട്ടിയില്ല. പിന്നീട് ഉമറും വന്നു സമ്മതം തേടി. ആദ്യം സമ്മതം കിട്ടിയില്ല. കുറെ കഴിഞ്ഞ ശേഷം രണ്ടു പേര്‍ക്കും അകത്തു കടക്കാന്‍ സമ്മതം ലഭിച്ചു. തിരുമേനി മൌനമായി ഇരിക്കുകയായിരുന്നു. ഭാര്യമാര്‍ ചുറ്റും വന്നു കൂടിയിട്ടുണ്ട്. ഉമര്‍ പറഞ്ഞു. ‘ഞാന്‍ നബിയോടു സംസാരിക്കും . അദ്ദേഹം ചിരിച്ചേക്കാം! ’ അദ്ദേഹം നബിയോട് ‘അല്ലാഹുവിന്റെ റസൂലേ , സെയ്ദിന്റെ മകള്‍ (എന്റെ ഭാര്യ) അല്‍പ്പം മുമ്പ് എന്നോടു ചെലവിനു കൊടുക്കാനാവശ്യപ്പെട്ടു. അപ്പോള്‍ ഞാന്‍ അവളുടെ കഴുത്തിനിട്ടു കൊടുത്ത ഇടി അങ്ങു കണ്ടിരുന്നുവെങ്കില്‍!’ ഇതു കേട്ടപ്പോള്‍ തിരുമേനി അദ്ദേഹത്തിന്റെ അണപ്പല്ലു കാണുമാറു ചിരിച്ചുപോയി. ! തിരുമേനി തുടര്‍ന്നു പറഞ്ഞു. “ഇവരിതാ ചിലവിനുള്ള വക ചോദിച്ചുകൊണ്ട് എന്റെ ചുറ്റും വന്നു കൂടിയിരിക്കുന്നു. ” അപ്പോള്‍ അബൂബക്കര്‍ ആയിശയുടെയും ഉമര്‍ ഹഫ്സയുടെയും നേരെ തിരിഞ്ഞു. അവരെ അടിക്കുവാന്‍ ശ്രമിക്കുകയും അവരെ ആക്ഷേപിക്കുകയും ചെയ്തു. തിരുമേനി അവരെ തടഞ്ഞു. ഈ അവസ്രത്തില്‍ നബിയുടെ ഭാര്യമാര്‍ , തങ്ങള്‍ ഇനി മേല്‍ അങ്ങനെയൊന്നും ആവശ്യപ്പെടുകയില്ല എന്നു പറഞ്ഞു. പിന്നീട് ആയത്ത് അവതരിച്ചു. …”

പ്രവാചകന്റെ ഭാര്യമാര്‍ ചെലവിനു ചോദിച്ചുകൊണ്ട് ‘സമരം’ നടത്തിയ കാര്യം വിശദീകരിക്കുക എന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഖുര്‍ ആനില്‍ ഓരോ വെളിപാടു വചനവും രൂപം കൊള്ളുന്നതെങ്ങനെയെന്നു സാമാന്യ ബുദ്ധിയുള്ള ഏവര്‍ക്കും മനസ്സിലാക്കാന്‍ ഈ ആയത്തുകളും അവയുടെ അവതരണ പശ്ചാതലവും ഉപകരിക്കും എന്നതിനാലാണിതൊക്കെ ഇവിടെ വിശദീകരിക്കാന്‍ മുതിരുന്നത്. പ്രപഞ്ചം ഉണ്ടാക്കും മുമ്പേ ഒരു ഫലകത്തില്‍ രേഖപ്പെടുത്തി വെച്ച ഒരു മഹാഗ്രന്ഥത്തിലെ വരികളാണു ഖുര്‍ ആനിലുള്ളതെന്ന അവകാശവാദവും ഈ സൂക്തങ്ങളും എത്രത്തോളം പൊരുത്തപ്പെടുന്നു എന്നു പരിശോധിക്കാന്‍ വിശ്വാസിവൃന്ദം തയ്യാറാകുമോ? ഒരു ഡസനോളം ഭാര്യമാരുണ്ടായിരുന്ന മുഹമ്മദിന് തന്റെ കൃത്യാന്തരബാഹുല്യത്തിനിടയ്ക്ക് ഈ ഭാര്യമാരുടെ ആവലാതികളും പായാരങ്ങളുമൊക്കെ വലിയ ശല്യമായി തോന്നുക സ്വാഭാവികമാണ്. അവരെ നിലയ്ക്കു നിര്‍ത്താന്‍ അദ്ദേഹത്തിനു ചില പൊടിക്കൈകള്‍ പ്രയോഗിക്കേണ്ടതായും വന്നിരിക്കാം. പക്ഷെ പ്രപഞ്ചസ്രഷ്ടാവായ ഒരു ദൈവത്തെ ഇങ്ങനെ ചെറുതാക്കേണ്ടിയിരുന്നോ? ദൂതന്റെ ഭാര്യമാരെ ‘മൊഴി ചൊല്ലിക്കല്‍’ ഭീഷണി മുഴക്കി വരുതിക്കു നിര്‍ത്തലാണോ പ്രപഞ്ച നിയന്താവായ സര്‍വ്വശക്തന്റെ ജോലി?

Leave a Reply

Your email address will not be published. Required fields are marked *