ദൈവം ഉണ്ടോ?

സൂക്ഷ്മതയുള്ളവര്‍ക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്‍റെ അവസ്ഥ എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്‍റെ അരുവികളുണ്ട്‌. രുചിഭേദം വരാത്ത പാലിന്‍റെ അരുവികളും, കുടിക്കുന്നവര്‍ക്ക്‌ ആസ്വാദ്യമായ മദ്യത്തിന്‍റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്‍റെ അരുവികളുമുണ്ട്‌. അവര്‍ക്കതില്‍ എല്ലാതരം കായ്കനികളുമുണ്ട്‌. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവുമുണ്ട്‌. ( ഈ സ്വര്‍ഗവാസികളുടെ അവസ്ഥ ) നരകത്തില്‍ നിത്യവാസിയായിട്ടുള്ളവനെപ്പോലെ ആയിരിക്കുമോ? അത്തരക്കാര്‍ക്കാകട്ടെ കൊടും ചൂടുള്ള വെള്ളമായിരിക്കും കുടിക്കാന്‍ നല്‍കപ്പെടുക. അങ്ങനെ അത്‌ അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും.

ദൈവം ഉണ്ടോ? എന്ന ചോദ്യത്തിനുത്തരം പറയണമെങ്കില്‍ , എന്താണു ദൈവം? എന്ന ചോദ്യത്തിനുത്തരം ലഭിക്കേണ്ടതുണ്ട്. അഥവാ ദൈവത്തിനൊരു നിര്‍വ്വചനം വേണം. നിരീശ്വരവാദികളോടും യുക്തിവാദികളോടും തര്‍ക്കിക്കാന്‍ വരുന്നവര്‍ വളരെ ആകര്‍ഷകമായ നിര്‍വ്വചനവും വ്യാഖ്യാനവും നല്‍കി ഭംഗിയാക്കിയ ഒരു ദൈവത്തെയും കൊണ്ടാണു രംഗത്തു വരുക. എന്നാല്‍ അവര്‍ ആരാധിക്കുന്ന ദൈവം അത്ര ഭംഗിയുള്ളതോ കുറ്റമറ്റതോ ആയിരിക്കുകയില്ല. പ്രാകൃത സമൂഹത്തിന്റെ ഗോത്ര ദൈവങ്ങളെയാണിന്നും മതവിശ്വാസികള്‍ മനസ്സിലും കോവിലുകളിലും പ്രതിഷ്ഠിച്ച് ആരാധിക്കുന്നത്.

അറിവിന്റെയും ചിന്തയുടെയും മേഖലയില്‍ വളരെയേറെ മുന്നേറിയ ഒരു നവസമൂഹത്തില്‍ പഴയ ഗോത്രകാലദൈവങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ലാതെ വന്നിരിക്കുന്നുവെന്ന തിരിച്ചറിവായിരിക്കാം, പുതിയ നിര്‍വ്വചനങ്ങളും വ്യാഖ്യാനങ്ങളുമൊക്കെയായി അടവും തന്ത്രവും മാറ്റി രംഗത്തു വരാന്‍ ദൈവശാസ്ത്രജ്ഞരെ നിര്‍ബ്ബദ്ധരാക്കുന്നത്.

ദൈവവിശ്വാസത്തിന്റെ സ്വഭാവമനുസരിച്ച് ആളുകളെ പല കാറ്റഗറികളാക്കി തരം തിരിക്കാവുന്നതാണ്.

1. THEIST: പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്നതോടൊപ്പം മനുഷ്യന്റെ ദൈനംദിന കാര്യങ്ങളില്‍ അതീവ ജാഗ്രതയോടെ ശ്രദ്ധിക്കുകയും ഇടപെടുകയും രക്ഷാശിക്ഷകള്‍ നിര്‍ണയിച്ച് നടപ്പിലാക്കുകയും മറ്റും ചെയ്യുന്ന ഒരു വ്യക്തിദൈവം ഉണ്ടെന്നു വിശ്വസിക്കുന്നവരെയാണ് ഈ വിഭാഗത്തില്‍ പെടുത്താവുന്നത്. സെമിറ്റിക് മതങ്ങള്‍ പരിചയപ്പെടുത്തുന്ന അല്ലാഹു, യഹോവ തുടങ്ങിയ ദൈവങ്ങള്‍ ഉദാഹരണം

2. DEIST: പ്രപഞ്ചം സൃഷ്ടിക്കുകയും പ്രകൃതിനിയമങ്ങള്‍ നിര്‍ണയിക്കുകയും ചെയ്ത ഒരു ശക്തിയുണ്ടെന്നു മാത്രം വിശ്വസിക്കുന്നവര്‍ ഈ വിഭാഗക്കാരാണ്. മനുഷ്യന്റെ ജീവിതത്തില്‍ ദൈവത്തിനു പ്രത്യേക താല്‍പ്പര്യമൊന്നും ഉള്ളതായി ഇക്കൂട്ടര്‍ കരുതുന്നില്ല.

3. PANTHEIST: പ്രകൃതിശക്തിയെ ദൈവമായിക്കരുതുന്നവരാണ് ഈ ഗണത്തില്‍പ്പെടുന്നത്. പ്രപഞ്ചത്തിലെ എല്ലാ പദാര്‍ത്ഥങ്ങളിലും ഒരു ചൈതന്യം ഒളി മിന്നുന്നതായി ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. ആ ചൈതന്യത്തെ സ്തുതിക്കുകയോ ആരാധിക്കുകയോ ചെയ്യണമെന്ന നിബ്ബന്ധമൊന്നും പ്രകൃതിവാദികള്‍ക്കില്ല. മനുഷ്യനെയും പ്രകൃതിയുടെ ഭാഗമായി ഇവര്‍ കാണുന്നു. അദ്വൈതവാദികളെ ഈ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

4. ATHEIST: ദൈവം എന്ന സങ്കല്‍പ്പത്തെ പൂര്‍ണ്ണമായും നിഷേധിക്കുന്നവരാണു നിരീശ്വരവാദികള്‍
.
ഇതു കൂടാതെ സന്ദേഹവാദികളും മായാവാദികളും മറ്റുമായി വേറെയും ചില വിഭാഗക്കാരുമുണ്ട്. ദൈവത്തെക്കുറിച്ച് തങ്ങളുടെ പക്കല്‍ ഒരറിവും ഇല്ല; ഉണ്ടോ ഇല്ലേ എന്നൊന്നും തങ്ങള്‍ക്കഭിപ്രായമില്ല എന്ന നിലപാടാണിക്കാര്യത്തില്‍ ചിലര്‍ക്കുള്ളത്.

നിര്‍ഗ്ഗുണ പരബ്രഹ്മമാണീശ്വരന്‍ എന്നു വാദിക്കുന്നവരും ,സത്യമാണു ദൈവം എന്നു പ്രഖ്യാപിക്കുന്നവരും , ദൈവം സ്നേഹമാകുന്നു എന്നു മൊഴിഞ്ഞ് ആളുകളെ കുപ്പിയിലിറക്കുന്നവരും , ഞാന്‍ തന്നെയാണെന്റെ ദൈവം എന്നു വാചകക്കസര്‍ത്തു നടത്തുന്നവരുമൊക്കെ നമുക്കിടയിലുണ്ട്.

ദൈവത്തെക്കുറിച്ചു സംവാദത്തിനൊരുങ്ങുമ്പോള്‍ ഇതൊക്കെ പരിഗണിക്കേണ്ടി വരും. തീര്‍ത്തും അമൂര്‍ത്തമായ ഒരു സങ്കല്‍പ്പമാണ് ഈശ്വരന്‍ എന്നതിനാല്‍ തന്നെ യുക്തിപരമായ ഒരു താരതമ്യത്തിനോ വിശകലനത്തിനോ ഇവിടെ സാധ്യത കുറവാണ്. ഓരോരുത്തരും അവരവരുടെ ഭാവനയിലും ചിന്തയിലും ഒതുങ്ങും വിധം ദെവത്തെ മനസ്സില്‍ കുടിയിരുത്തുകയാണു ചെയ്യുന്നത്. തങ്ങളുടേതാണ് ഏറ്റവും മികച്ചതെന്ന് ഓരോരുത്തരും അവകാശപ്പെടുകയും ചെയ്യുന്നു.

യുക്തിവാദികള്‍ക്ക് എളുപ്പത്തില്‍ `ആക്രമിക്കാന്‍ ` കഴിയുന്ന ദൈവം സെമിറ്റിക്മതങ്ങള്‍ പരിചയപ്പെടുത്തുന്ന ‘ആള്‍ ’ദൈവം [personal god] തന്നെ. അവയ്ക്കു നിന്നു പൊറുക്കാന്‍ ഗോത്രകാല മതം കുഴിച്ചു വെച്ച ഇത്തിരി വട്ടം മാത്രമുള്ള പൊട്ടക്കുഴിയാണുള്ളത്. യുക്തി കൊണ്ടുള്ള ചെറിയ തൊഴിപോലും മര്‍മ്മത്തു കൊള്ളും. മറ്റു ദൈവങ്ങള്‍ക്ക് ഓടിയൊളിക്കാന്‍ അല്‍പ്പം കൂടി വിശാലമായ മേച്ചില്‍പ്പുറമുണ്ട്.

ഇതാണു മതവിശ്വാസികളെ ഇന്നു വല്ലാതെ പ്രതിസന്ധിയിലാക്കുന്ന ഒരു പ്രത്യയശാസ്ത്ര ദൌര്‍ബ്ബല്യം. മതത്തെ കുറിച്ചും ,മതം പൊക്കിക്കാട്ടുന്ന കുട്ടിദൈവത്തെകുറിച്ചും വിമര്‍ശനം വരുമ്പോള്‍ സൂത്രത്തില്‍ വിഷയം മാറ്റി ചര്‍ച്ച വഴി തിരിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നു.

ഈ സംവാദത്തിനു തുടക്കം കുറിച്ചുകൊണ്ട് ഞാന്‍ പോസ്റ്റു ചെയ്ത ഡോ. പി പി ആന്റണിയുടെ ലേഖനത്തിലുന്നയിച്ച പ്രധാന വിഷയങ്ങളൊന്നും ഒട്ടും തന്നെ ചര്‍ച്ച ചെയ്യപ്പെടാതെ പോയതിന്റെ കാരണവും മറ്റൊന്നല്ല. ചര്‍ച്ച മറ്റൊരു വഴിക്കു തിരിച്ചു വിട്ട് തങ്ങളുടെ ദൈവങ്ങളെ രക്ഷപ്പെടുത്താന്‍ ചിലര്‍ കാണിച്ച കുതന്ത്രങ്ങളും അതിബുദ്ധിയും , ഒടുവില്‍ ബ്ലോഗ് തന്നെ തമസ്കരിക്കാന്‍ നടത്തിയ ഗൂഡശ്രമവും എല്ലാം നാം കണ്ടു.

ഏതായാലും ചര്‍ച്ച തുടരുകയാണ്. ഓരോ വിഭാഗത്തിലും പെട്ട ദൈവസങ്കല്‍പ്പങ്ങളെ നമുക്ക് വിശദമായിത്തന്നെ പോസ്റ്റുമോര്‍ട്ടം ചെയ്യാം. ഞാന്‍ ഒരു പൂര്‍ണ ദൈവ നിഷേധിയുടെ പക്ഷത്തു നിന്നുകൊണ്ടല്ല ഈ വിഷയം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. സത്യത്തെ അന്യേഷിക്കുന്ന ഒരു സ്വതന്ത്ര ചിന്തകന്‍ എന്ന നിലയില്‍ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കാമെന്നാണു കരുതുന്നത്. ഈ വിഷയത്തില്‍ താല്‍പ്പര്യമുള്ള എല്ലാ ബ്ലോഗ് സുഹൃത്തുക്കളും അഭിപ്രായം രേഖപ്പെടുത്തണമെന്നപേക്ഷിക്കുന്നു.

ചതുരാകൃതിയിലുള്ള ത്രികോണം!

നമുക്ക് ഒരു ത്രികോണം വരക്കാന്‍ കഴിയും . ഒരു ചതുരം വരക്കാനും പ്രയാസമില്ല. പക്ഷെ ചതുരാകൃതിയിലുള്ള ത്രികോണം ആര്‍ക്കും വരക്കാന്‍ സാധ്യമല്ല! ദൈവത്തെകുറിച്ചുള്ള ചര്‍ച്ചയില്‍ ഈ ജ്യാമിതിപ്രശ്നത്തിനെന്തു പ്രസക്തി എന്നു ചിന്തിക്കുന്നവരുണ്ടാകും.
ദൈവത്തെക്കുറിച്ചുള്ള വിശേഷണങ്ങളും വിശദീകരണങ്ങളും ഇതേപോലുള്ള വിരോധാഭാസങ്ങള്‍ തന്നെയാണ്.

1. സര്‍വ്വശക്തനായ നിസ്സഹായന്‍ !
ദൈവം സര്‍വ്വശക്തനാണെന്ന് എല്ലാ ദൈവശാസ്ത്രജ്ഞരും അവകാശപ്പെടുന്നു. അതേ സമയം തന്റെ സൃഷ്ടികള്‍ , തന്നെ മാത്രം സ്തുതിക്കയും ആരാധിക്കയും ചെയ്യാത്തതിന്റെ പേരിലും, തന്റെ പ്രതാപവും കരുത്തും വേണ്ടവിധം മനസ്സിലാക്കാത്തതിന്റെ പേരിലും, താന്‍ ഉണ്ടെന്നു പോലും അവരില്‍ ചിലര്‍ വിശ്വസിക്കാത്തതിന്റെ പേരിലുമൊക്കെ ഈ ദൈവം ഖിന്നനും നിരാശനുമാണെന്നും മതം നമ്മെ തെര്യപ്പെടുത്തുന്നു. സൃഷ്ടികള്‍ നന്ദികേടു കാട്ടുന്നു എന്നും അവര്‍ മറ്റു ദൈവങ്ങളുടെ പിന്നാലെ പോകുന്നുവെന്നുമൊക്കെ ദൈവം നിരന്തരം പരാതിപ്പെടുന്നു. ലക്ഷക്കണക്കിനു ദൂതന്മാരെ പറഞ്ഞയച്ചു പതിനെട്ടടവും പയറ്റിയിട്ടും സൃഷ്ടികള്‍ സ്രഷ്ടാവിനെ വേണ്ടവിധം ഗൌനിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ലെന്നു കണ്ട് ദൈവം വല്ലാതെ കോപിക്കുന്നു. കോപം കൊണ്ടു വിറക്കുക മാത്രമല്ല തന്റെ സൃഷ്ടികള്‍ക്കെതിരെ പുലഭ്യം പറയുകപോലും ചെയ്യുന്നു. ഒരു കാര്യം ഉണ്ടാകണമെന്നു ദൈവം വിചാരിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്നു പറയേണ്ട താമസം അതുണ്ടാകുന്നു എന്നാണു ദൈവത്തിന്റെ ശക്തിമാഹാത്മ്യത്തെക്കുറിച്ച് ഖുര്‍ ആന്‍ അവകാശപ്പെടുന്നത്. അത്രയ്ക്കു ശക്തനായ ഒരു ദൈവത്തിനു താനിച്ഛിക്കുന്നവിധം കാര്യങ്ങള്‍ നടക്കാത്തതിന്റെ പേരില്‍ കലിയും നിരാശയുമൊക്കെ തോന്നുന്നു എന്നു പറയുന്നത് യുക്തിക്കു നിരക്കുന്ന കാര്യമാണോ?

എല്ലാം കഴിയുന്ന ദൈവത്തിനു ഒരുപാട് ഇടനിലക്കാരുടെയും പരിചാരകരുടെയുമൊക്കെ സഹായം ആവശ്യമാണെന്നും കാണാം. കര്യനിര്‍വ്വഹണത്തിന് ‍ മലക്കുകള്‍ എന്നൊരുതരം സേവകരെ ദൈവം ഉപയോഗപ്പെടുത്തുന്നു. പ്രവാചകന്മാരുടെ സഹായമില്ലാതെ സ്വന്തം സൃഷ്ടികളോട് ആശയവിനിമയം നടത്താന്‍ പോലും ഈ സര്‍വ്വശക്തനു സാധിക്കുന്നില്ല. മനുഷ്യന്റെ ഭാഷയാണു ദൈവം ആശയവിനിമയത്തിനായി കടമെടുക്കുന്നത്. അതു പറഞ്ഞു കേള്‍പ്പിക്കാന്‍ മനുഷ്യന്റെ തന്നെ നാക്കും വാക്കും വേണം താനും!

അല്ലാഹു എന്ന ദൈവം സ്വന്തം സൃഷ്ടികളായ അറബി നാടോടികളോട് വാളും കുന്തവുമെടുത്ത് യുദ്ധം ചെയ്യുന്നതായിപ്പോലും ഖുര്‍ ആനില്‍ നാം വായിക്കുന്നു. രണ്ടു ഗോത്രക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന അവസരത്തില്‍ ഒരു കൂട്ടരുടെ ഹൃദയത്തില്‍ ഭയം ഇട്ടു കൊടുക്കുകയും അതു വഴി ശത്രുഗോത്രക്കാര്‍ക്കു കഴുത്തു വെട്ടാന്‍ സൌകര്യം ചെയ്തു കൊടുക്കുകയുമാണത്രേ ഈ ദൈവം ചെയ്യുക. [ഖുര്‍ ‍. 8:12; 8:17] സ്വന്തം സൃഷ്ടികളായ ഈ നിസ്സാര ജീവികള്‍ക്കു തന്റെ അസ്തിത്വം ബോധ്യപ്പെടുത്താന്‍ അവരുടെ ഹൃദയങ്ങളില്‍ അല്‍പ്പം ഈമാന്‍ ‍(വിശ്വാസം) ഇട്ടു കൊടുക്കാന്‍പോലും കഴിവില്ലാതെ അവരെ വാളെടുത്തു വെട്ടാന്‍ സഹായിക്കുന്നവന്‍ ‍ എങ്ങനെ സര്‍വ്വ ശക്തനാകും? ഏഴാം നൂറ്റാണ്ടിലെ അറബികള്‍ക്ക് യുദ്ധവേളയില്‍ ഒരു കൈത്തോക്കു പോലും ഉണ്ടാക്കിക്കൊടുക്കാന്‍ ഈ സര്‍വ്വശക്തനു കഴിയുന്നില്ല എന്നതും ശ്രദ്ധേയമാണ്.

സര്‍വ്വശക്തന്‍ എന്ന പരികല്‍പ്പന തന്നെ അയുക്തികമല്ലേ?
എല്ലാറ്റിനും കഴിവുള്ളവനാണല്ലോ സര്‍വ്വശക്തന്‍ . ദൈവത്തിനു കഴിയാത്ത ഒരു കാര്യവും ഉണ്ടായിരിക്കാവതല്ല. എന്നാല്‍ ദൈവത്തിനു സാധ്യമല്ലാത്ത നിരവധി കാര്യങ്ങളുണ്ട്. ഒന്നുരണ്ടുദാഹരണങ്ങള്‍ പറയാം. ദൈവത്തിനു പൊക്കാന്‍ പറ്റാത്തത്ര ഭാരമുള്ള ഒരു കല്ലു സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയുമോ? ഒരിക്കലും സാധ്യമാവില്ല. കാരണം തനിക്കു സ്വയം പൊക്കാന്‍ പറ്റാത്ത കല്ലുണ്ടാകുന്നതോടെ ദൈവം സര്‍വ്വശക്തനല്ലാതായി മാറും . ഒരു കല്ലു പൊന്തിക്കാന്‍ കഴിയാത്ത സര്‍വ്വശക്തനോ? ഇനി അങ്ങനെയൊരു കല്ലു സൃഷ്ടിക്കാന്‍ ദൈവത്തിനു സാധ്യമാകുന്നില്ലെങ്കിലോ? അതിനു പോലും കഴിവില്ലാത്തവന്‍ എങ്ങനെ സര്‍വ്വശക്തനാകും?

മറ്റൊരു ഉദാഹരണം കൂടി പറയാം. പരസ്പരവിരുദ്ധമായ പ്രാര്‍ഥനകള്‍ക്കു മുമ്പില്‍ പലപ്പോഴും ദൈവത്തിനു നിസ്സഹായനാകേണ്ടി വരും. പരീക്ഷയില്‍ ഒന്നാം റാങ്കു കിട്ടാന്‍ വേണ്ടി പലരും ദൈവത്തിനു വഴിപാടു നല്‍കി പ്രാര്‍ത്ഥിച്ചു എന്നു കരുതുക. എല്ലാവര്‍ക്കും ഒന്നാം റാങ്കു കൊടുക്കാന്‍ സാധിക്കുമോ? സ്വര്‍ഗ്ഗത്തിലെ അന്തേവാസികള്‍ എന്ത് ആവശ്യം ഉന്നയിച്ചാലും അതു സാധിച്ചു കൊടുക്കും എന്നാണു വാഗ്ധാനം ചെയ്യപ്പെട്ടിട്ടുള്ളത്.. നരകത്തിലുള്ള എല്ലാവരെയും മോചിപ്പിക്കണം എന്നൊരാവശ്യം ഒരു നന്മയുള്ള മനുഷ്യന്‍ മുന്നോട്ടു വെച്ചാല്‍ ദൈവം എന്തു ചെയ്യും? നിത്യനരകം എന്ന വാഗ്ധാനം പൊളിയും. ഹൂറിപ്പെണ്ണുങ്ങളെ മുഴുവന്‍ തനിക്കു സ്വന്തമായി വേണം എന്നാണൊരു സ്ത്രീലംബടന്‍ ആവശ്യമുന്നയിക്കുന്നതെങ്കില്‍ മറ്റുള്ളവരുടെ കാര്യം കട്ടപ്പൊകയാവില്ലേ?

2. പൂര്‍ണ്ണത തേടി അലയുന്ന പരിപൂര്‍ണ്ണന്‍ !!

എല്ലാം തികഞ്ഞവന്‍ എന്നാണു ദൈവത്തിന്റെ മറ്റൊരു വിശേഷണം. എല്ലാം നേടി പൂര്‍ണത കൈവരിച്ച ഒരാള്‍ എന്തെങ്കിലും സൃഷ്ടിക്കുമോ? സൃഷ്ടിയോ മറ്റെന്തെങ്കിലും പ്രവൃത്തിയോ ചെയ്യണമെങ്കില്‍ അതിനൊരു ഉദ്ദേശ്യമുണ്ടായിരിക്കണം. എല്ലാം തികഞ്ഞിരിക്കുന്ന ഒരാള്‍ക്ക് ലക്ഷ്യങ്ങളോ മോഹങ്ങളോ ഉണ്ടാവുകയില്ല. അതുകൊണ്ടു തന്നെ അയാള്‍ ഒരു പ്രവൃത്തിയും ചെയ്യാന്‍ മുതിരുകയുമില്ല.

പരിപൂര്‍ണത കൈവരിച്ച ഒരാള്‍ തന്റെ സൃഷ്ടികള്‍ തന്നെ സ്തുതിക്കുകയും തനിക്കു മാത്രം വണങ്ങിക്കൊണ്ടിരിക്കുകയും ചെയ്യണമെന്നും മറ്റും ആഗ്രഹിക്കുമോ? മുഖസ്തുതിയും നിസ്കാരവും കിട്ടാതെ വരുമ്പോള്‍ ദേഷ്യപ്പെടുമോ? തന്നെ ആരാധിക്കാതെ മറ്റുള്ളവരെ ആരാധിച്ചു എന്നതിന്റെ പേരില്‍ സൃഷ്ടികളെ തീയിലിട്ടു പീഡിപ്പിക്കുമോ? മറ്റുള്ളവര്‍, താന്‍ വലിയവനാണ്; വലിയവനാണ് ; എന്നിങ്ങനെ മുഖസ്തുതി പറയുന്നതില്‍ ആനന്ദം കണ്ടെത്തുകയും കൂടുതല്‍ സ്തുതി കിട്ടാനായി സൃഷ്ടികളോട് വില പേശുകയും ചെയ്യുന്ന ഒരു ‘അല്‍പ്പന്‍ ’എങ്ങനെയാണു പരിപൂര്‍ണനാകുന്നത്? നിത്യവും 50 നേരം തനിക്കു മുമ്പില്‍ മുട്ടുകുത്തി നമസ്ക്കരിക്കണം എന്നത്രെ അല്ലാഹു എന്ന ദൈവം ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പ്രവാചകന്മാര്‍ നേരില്‍ കണ്ടു ബാര്‍ഗയിന്‍ ചെയ്തതിന്റെ ഫലമായി അത് 5 നേരമായി ചുരുക്കിക്കൊടുത്തുവത്രേ!

അസൂയ പൂര്‍ണതയുടെ ലക്ഷണമല്ല. ഇല്ലാത്ത അന്യദൈവങ്ങളോടുപോലും കടുത്ത അസൂയയാണു സെമിറ്റിക് ദൈവങ്ങള്‍ പ്രകടിപ്പിക്കുന്നത്. മനുഷ്യന്‍ ചെയ്യുന്ന ഏതു പാപവും ദൈവം പൊറുക്കും. പക്ഷെ മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരെ മുഴുവന്‍ അവരുടെ ദൈവങ്ങളോടൊപ്പം തീയിലിട്ടു കരിച്ചുകൊണ്ടേയിരിക്കും.; അനന്തകാലം!

ചുരുക്കത്തില്‍ എന്തിനൊക്കെയോ വേണ്ടി ആര്‍ത്തി പൂണ്ട് നെട്ടോട്ടമോടുന്ന ഒരു അല്‍പ്പനും അപൂര്‍ണനും നിസ്സഹായനുമാണു ദൈവം. മനുഷ്യസഹജമായ എല്ലാ ചാപല്യങ്ങളും ദൌര്‍ബ്ബല്യങ്ങളും ദൈവത്തിനുമുണ്ട്. അതു കൊണ്ടു തന്നെ ദൈവം പൂര്‍ണ്ണനാണെന്ന വാദം ഒരു തികഞ്ഞ വിരോധാഭാസം മാത്രമാണ്.

3. സര്‍വ്വജ്ഞാനിയായ അല്‍പ്പജ്ഞാനി!!!

ത്രികാലജ്ഞാനമാണു ദൈവത്തിന്റെ മറ്റൊരു പ്രധാന ക്വാളിറ്റി. എല്ലാ കാര്യങ്ങളും ദൈവത്തിനു മുങ്കൂട്ടി അറിയാം. എല്ലാ കാര്യവും ഓര്‍ത്തിരിക്കാനും സര്‍വ്വശക്തനു സാധ്യമാണ്. പക്ഷെ ഒരു ഇല പഴുത്തു വീഴുന്നതു പോലും അദ്ദേഹം ഒരു ഗ്രന്ഥത്തില്‍ എഴുതി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ആവശ്യമെന്ത്? ദൈവം പല തരം പരീക്ഷണങ്ങളിലും ഏര്‍പ്പെടുന്നതായും പറയുന്നു. എല്ലാ കാര്യങ്ങളും മുന്‍ കൂട്ടി തീരുമാനിക്കുകയും കാലേകൂട്ടി അറിയുകയും ചെയ്യുന്ന ഈശ്വരന്‍ എന്തിനാണു പരീക്ഷണങ്ങളും ഗവേഷണങ്ങളുമൊക്കെ നടത്തി ബുദ്ധിമുട്ടുന്നത്?
“നിങ്ങളില്‍ ആരാണു സദ് വൃത്തികളില്‍ ഏര്‍ പ്പെടുക എന്നറിയാനാണു‍ ജീവിതവും മരണവും ഏര്‍പ്പെടുത്തിയത്” [67:2] .എന്നും
“വാളുകൊണ്ട് ആരൊക്കെയാണു തന്നെ സഹായിക്കാന്‍ പോകുന്നതെന്നു പരീക്ഷിച്ചറിയാനാണു താന്‍ ഇരുമ്പ് സൃഷ്ടിച്ചതെന്നും “[57:25]
ഖുര്‍ ആന്‍ പ്രസ്താവിക്കുന്നുണ്ട്. പ്രവാചകന്മാര്‍ താന്‍ ഏല്‍പ്പിച്ച ദൌത്യം ശരിക്കും നിര്‍വ്വഹിക്കുന്നുണ്ടോ എന്നുറപ്പു വരുത്താന്‍ അവരുടെ മുന്നിലും പിന്നിലും പാറാവുകാരെ ഏര്‍പ്പാടാക്കുമെന്നും മറ്റൊരിടത്തു കാണാം.[72:26-28]
സര്‍വ്വജ്ഞാനിയായ ദൈവം പല തീരുമാനങ്ങളും പ്രായോഗികമല്ലെന്നു തിരിച്ചറിഞ്ഞ് തിരുത്തിയതിനും ഖുര്‍ ആനില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. അല്ലാഹുവിനു തന്നെ പലപ്പോഴും ഭീമമായ അമളികള്‍ പറ്റിയതായും കാണുന്നു. സ്വന്തം സൃഷ്ടിയായ ഭൂമി ഉരുണ്ടതാണെന്നു പോലും അറിയാത്ത ദൈവങ്ങളാണ് അല്ലാഹുവും യഹോവയും മറ്റും!
ദൈവങ്ങളെ സൃഷ്ടിച്ച മനുഷ്യനോളം തന്നെ വിവരക്കേട് ദൈവങ്ങള്‍ക്കുമുണ്ടെന്നു ചുരുക്കം!

4. ക്രൂര വിനോദക്കാരനായ പരമകാരുണികന്‍ !!!!

പരമദയാലുവും കരുണാമയനുമാണു ദൈവം എന്നു മതഗ്രന്ഥങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിടുന്നു. എന്നാല്‍ ദൈവത്തിന്റെ ചെയ്തികള്‍ സമഗ്രമായി വിലയിരുത്തിയാല്‍ ദൈവത്തിന് ഒരു നിലയ്ക്കും യോജിച്ച ഒരു വിശേഷണമല്ല ഇതെന്നു വ്യക്തമാകും. പ്രപഞ്ചമുണ്ടാക്കുന്നതിനു മുമ്പ് ദൈവം വെള്ളത്തില്‍ വെറുതെയിരിക്കുകയായിരുന്നുവല്ലോ. പിന്നീടിതൊക്കെ സൃഷ്ടിച്ചു കളയാമെന്നു തീരുമാനിച്ചതു തന്നെ തന്റെ അളവറ്റ കാരുണ്യം പാഴായിപ്പോകരുതല്ലോ എന്ന് ചിന്തിച്ചതിനാലാണത്രേ!. അപ്രകാരം കാരുണ്യം കൊണ്ട് പുര നിറഞ്ഞ് ഇരിക്കപ്പൊറുതി മുട്ടി സൃഷ്ടി നടത്തി എന്നു പറയുന്ന ഈ ദെവം തന്റെ സൃഷ്ടികളെയൊന്നടങ്കം നരകത്തീയില്‍ നിറച്ച് കത്തിക്കുമെന്നും കാലാകാലം അതു കണ്ടാസ്വദിച്ചുകൊണ്ടിരിക്കുമെന്നും നാം വിശ്വസിക്കേണ്ടതുണ്ട്! ആരൊക്കെ നരകത്തില്‍ ചെന്നു വീഴുമെന്ന് മുങ്കൂട്ടിത്തന്നെ ഇദ്ദേഹം തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. തന്റെ ഈ ക്രൂരവുനോദത്തിനു ന്യായീകരണമുണ്ടാക്കാനെന്നവണ്ണം , മനുഷ്യരെ വഴി പിഴപ്പിക്കാന്‍ പിശാചിനെയും സൃഷ്ടിച്ച് കയറൂരി വിട്ടിരിക്കുന്നു ഈ പരമ കാരുണ്യവാന്‍ !!
കരുതിക്കൂട്ടി തിന്മ സൃഷ്ടിച്ചവന്‍ എങ്ങനെയാണു കരുണയുള്ളവനാവുക?

ഇനി പ്രകൃതിയിലേക്കൊന്നു കണ്ണു തുറന്നു നോക്കിയാലോ? കാരുണ്യം നിറഞ്ഞു തുളുമ്പുന്ന ഒരു സ്രഷ്ടാവിന്റെ സാന്നിധ്യമാണോ കാണാന്‍ കഴിയുന്നത്? രണ്ടു ദിവസം മുന്‍പ് പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത എല്ലാവരും ശ്രദ്ധിച്ചു കാണും. നാലു കാലുകളും നാലു കൈകളുമായി പിറന്ന ഒരു വികൃതരൂപമായിരുന്നു ലക്ഷ്മി എന്ന പെണ്‍കുട്ടി. ബാങ്ക്ലൂരിലെ ഒരു ആശുപത്രിയില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ 27 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ വൈകല്യം ഒരുവിധം പരിഹരിച്ചു. മാതൃഭൂമി പത്രം ഈ വാര്‍ത്ത യുടെ ആദ്യവാചകം ഇങ്ങനെയാണു കൊടുത്തത്: “ദൈവങ്ങള്‍ കനിഞ്ഞു; ആശുപത്രിയുടെ അത്യാഹിതവിഭാഗത്തില്‍ ശാന്തമായി ഉറങ്ങുന്ന ലക്ഷ്മി സാധാരണ ജീവിതത്തിലേക്കുള്ള മട‍ക്കയാത്രയിലാണ്.” ഒരു സംഘം ഡോക്ടര്‍മാര്‍ 27 മണിക്കൂര്‍ കഠിനാദ്ധ്വാനം ചെയ്തതിന്റെ ക്രഡിറ്റ് ദൈവം തട്ടിയെടുത്തു എന്നതു മാത്രമല്ല ഇവിടെ പ്രശ്നം. ആ കുട്ടിയെ ഇത്രയും ക്രൂരമായ വൈകല്യത്തോടെ സൃഷ്ടിക്കുക വഴി ഈ പ്രശ്നത്തില്‍ പ്രതിസ്ഥാനത്തു നിര്‍ത്തേണ്ട ആളല്ലേ ദൈവം? എന്നിട്ടും നാം ദൈവകാരുണ്യത്തെപ്പറ്റി വാചാലമാകുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? രണ്ടു വര്‍ഷം മുമ്പ് ഏഷ്യന്‍ തീരത്തു ദുരിതം വിതച്ച സുനാമി ഓര്‍മ്മയില്ലേ? ഒന്നര ലക്ഷം പിഞ്ചു കുഞ്ഞുങ്ങളുള്‍പ്പെടെ മൂന്നു ലക്ഷത്തോളം മനുഷ്യരും അത്രതന്നെ മറ്റു ജീവികളുമാണു കടല്‍ത്തിരയില്‍ മുങ്ങി മരിച്ചത്. സര്‍വ്വ ശക്തനും കരുണാവാരിധിയും പരമദയാലുവും മറ്റും മറ്റുമായ ഒരു ഈശ്വരന്‍ പ്രപഞ്ചത്തിന്റെ സകല കാര്യങ്ങളും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നുവെങ്കില്‍ ഇത്രയും ഭീകരമായ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമോ?

കാട്ടില്‍ ഒരു മൃഗം ആഹാരത്തിനാര്‍ത്തി പൂണ്ട് മറ്റൊരു മൃഗത്തിന്റെ പിന്നാലെ ഓടുന്നു. മറ്റേ ജീവി സ്വന്തം പ്രാണനു വേണ്ടിയും ഓടുന്നു. ഒടുവില്‍ ഇരയെ കീഴ്പ്പെടുത്തി അതിനെ കടിച്ചു കീറി കൊല്ലുന്നു. ഒന്ന് തന്റെ ആഹാരം നുണഞ്ഞിറക്കുമ്പോള്‍ മറ്റേത് പ്രാണന്‍ വെടിയുന്ന വേദനയും ആസ്വദിക്കുന്നു. നമുക്കനുകൂലമായ കാര്യങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ ദൈവാനുഗ്രഹം എന്നു നന്ദിയോടെ പറയും. അതേ സമയം പ്രകൃതിയില്‍ അത്രതന്നെ പ്രതികൂല കാര്യങ്ങളും ഉണ്ടെന്ന യാഥാര്‍ത്ഥ്യം നാം കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. മനുഷ്യനാഹാരം ഒരുക്കി അനുഗ്രഹിച്ച അതേ പ്രകൃതി തന്നെയാണു നമ്മെ കൊല്ലാനും വേദനിപ്പിക്കാനും രോഗാണുക്കളെയും ഉണ്ടാക്കി വെച്ചത്. അവയുടെ ആഹാരം നമ്മുടെ ശരീരത്തിലെ അവയവങ്ങളാണ്. കൊതുകുകളെ സൃഷ്ടിച്ചു നമുക്കു രോഗം പരത്തുന്നതും അവയ്ക്കാഹാരമായി നമ്മുടെ ചോരതന്നെ വേണമെന്നു നിശ്ചയിച്ചതും ഈ ദൈവത്തിന്റെ ക്രൂര വിനോദം തന്നെയല്ലേ? ഇതൊക്കെ കാരുണ്യമാണെങ്കില്‍ ആ പദത്തിനു നാം അര്‍ത്ഥവും വ്യാഖ്യാനവും മാറ്റി എഴുതേണ്ടി വരും.

ദൈവത്തിന്റെ സവിശേഷ ഗുണങ്ങളായി വാഴ്ത്തപ്പെടുന്ന കാര്യങ്ങളെല്ലാം സാമാന്യ ബുദ്ധിക്കോ യുക്തിക്കോ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വിരോധാഭാസങ്ങള്‍ മാത്രമാണെന്നു ചുരുക്കം. മനുഷ്യന്‍ തന്റെ പരിമിതമായ ഭാവനയില്‍നിന്നും ഒരു ദൈവത്ത മെനഞ്ഞെടുത്തപ്പോള്‍ സംഭവിച്ച വൈകല്യമാണിതെന്നു ന്യായമായും അനുമാനിക്കാം. ദൈവം ഉണ്ടെന്നു സമര്‍ത്ഥിക്കാനായി ‘യുക്തിവാദം’ മെനയുന്നവര്‍ ദൈവത്തെ സ്ഥാപിച്ചു കഴിയുന്നതോടെ യുക്തി കൈവിടുകയും മൂഡമായ വിശ്വാസത്തെ മാത്രം മുറുകെപ്പിടിക്കുകയുമാണു ചെയ്യുന്നത്. ദൈവത്തെ കുറിച്ചുള്ള ഒരു തുറന്ന ചര്‍ച്ചയ്ക്കുപോലും വിശ്വാസികള്‍ കാതു തരാറില്ല.

Leave a Reply

Your email address will not be published. Required fields are marked *