September 5, 2025
Islam Quran & Science

സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പിന്നെ പിശാചുക്കളും

സൂര്യനും ചന്ദ്രനും.

أَلَمْ تَرَوْاْ كَيْفَ خَلَقَ ٱللَّهُ سَبْعَ سَمَٰوَٰتٍ طِبَاقاً
وَجَعَلَ ٱلْقَمَرَ فِيهِنَّ نُوراً وَجَعَلَ ٱلشَّمْسَ سِرَاجاً

“ഏഴാകാശങ്ങളെ ഒന്നിനു മേല്‍ ഒന്നായി അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ചന്ദ്രനെ അതില്‍ ഒരു വെളിച്ചമായും സൂര്യനെ ഒരു വിളക്കായും വെച്ചിരിക്കുന്നു.”(71:15,16)

وَٱلشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَـا ذَلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ
وَٱلْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَٱلعُرجُونِ ٱلْقَدِيمِ
لاَ ٱلشَّمْسُ يَنبَغِي لَهَآ أَن تدْرِكَ ٱلقَمَرَ وَلاَ ٱلَّيلُ سَابِقُ ٱلنَّهَارِ وَكُلٌّ فِي فَلَكٍ يَسْبَحُونَ

“സൂര്യന്‍ അതിന്റെ വിശ്രമത്താവളത്തിലേയ്ക്കു സഞ്ചരിക്കുന്നു. ചന്ദ്രനും അതിന്റെ ഘട്ടങ്ങള്‍ നാം നിര്‍ണ്ണയിച്ചു. ഉണങ്ങിയ ഈന്തക്കുലത്തണ്ടു പോലെ അതു മടങ്ങിവരും വരെ. സൂര്യനു ചന്ദ്രനെ എത്തിപ്പിടിക്കാവുന്നതല്ല. രാത്രി പകലിനെ കവച്ചു കടക്കുന്നതുമല്ല.”(36:38-40)

وَٱلشَّمْسِ وَضُحَاهَا
وَٱلْقَمَرِ إِذَا تَلاَهَا
“സൂര്യനേയും അതിന്റെ പ്രകാശത്തെയും കൊണ്ട് സത്യം. ചന്ദ്രന്‍ അതിനെ പിന്തുടരുമ്പോള്‍ ചന്ദ്രനെക്കൊണ്ടു സത്യം.”(91:1,2)

ഏഴാം നൂറ്റാണ്ടിലെ ഒരു സാധാരണ മനുഷ്യനു മേലോട്ടു നോക്കിയാല്‍ കാണാവുന്ന കാര്യങ്ങളല്ലാതെ ശാത്രീയമായ എന്തെങ്കിലും വസ്തുതകള്‍ ഈ ഖുര്‍ ആന്‍ വാക്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ടോ? സൂര്യന്‍ പകല്‍ സഞ്ചരിക്കുകയും രാത്രി വിശ്രമിക്കുകയും ചെയ്യുന്നു; ചന്ദ്രന്‍ ഒരു വെളിച്ചമാണ്; ചിലപ്പോള്‍ അതു വൃത്താകാരത്തിലും മറ്റു ചിലപ്പോള്‍ ഈന്തക്കുലയുടെ ഉണക്കത്തണ്ടു പോലെ ചുങ്ങി വളഞ്ഞും രൂപം മാറുന്നു; സൂര്യനും ചന്ദ്രനും പരസ്പരം കൂട്ടി മുട്ടാതെയും ഓവര്‍ടേയ്ക്കു ചെയ്യാതെയും ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നു എന്നൊക്കെ സര്‍വ്വജ്ഞനായ ഒരു ദൈവമാണു പറയുന്നതെന്ന് ഇക്കാലത്ത് ആരെങ്കിലും വിശ്വസിക്കുമോ?
ഇവിടെയും നൂതനവ്യാഖ്യാനം കൊണ്ടു ഉരുണ്ടു മറിയുകയല്ലാതെ മതവക്താക്കള്‍ക്ക് വേറെ വഴിയില്ല. സൂര്യന്‍ സ്വയം കറങ്ങുന്നതായും നക്ഷത്ര സമൂഹങ്ങള്‍ പരസ്പരം അകലുന്നതായുമൊക്കെ ശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ ഖുര്‍ ആന്‍ സൂര്യന്‍ സഞ്ചരിക്കുന്നു എന്നു പറഞ്ഞതില്‍ തെറ്റില്ല എന്നുമാണ് പുതിയ വിശദീകരണം. അതേ സമയം സൂര്യന്റെ സഞ്ചാരം ഏതു തരത്തിലുള്ളതാണെന്ന് അല്ലാഹുവുമായി നേരിട്ടു ‘ഓണ്‍ ലൈന്‍ ’ബന്ധമുണ്ടായിരുന്ന പ്രവാചകന്‍ വ്യക്തമായിത്തന്നെ വിശദീകരിച്ചിട്ടുള്ള കാര്യം ഇക്കൂട്ടര്‍ മറച്ചു വെക്കുന്നു. :-

“ഒരിക്കല്‍ സൂര്യന്‍ അസ്തമിച്ചപ്പോള്‍ നബി അബൂ ദര്‍റിനോടു ചോദിച്ചു. “സൂര്യനിപ്പോള്‍ എങ്ങോട്ടാണു പോയതെന്നു നിങ്ങള്‍ക്കറിയാമോ?”. “അല്ലാഹുവിനും അവന്റെ ദൂതനും മാത്രമേ അതേക്കുറിച്ച് അറിവുള്ളു” എന്ന് അബൂദര്‍ മറുപടി പറഞ്ഞു. തുടര്‍ന്നു നബി അരുളി: “ദൈവ സിംഹാസനത്തിന്റെ താഴ്ഭാഗത്തു ചെന്ന് സുജൂദ് ചെയ്യാന്‍ പോയിരിക്കുകയാണത്. സുജൂദ് ചെയ്തു കഴിഞ്ഞാല്‍ രണ്ടാമതും ഉദയം ചെയ്യാന്‍ അത് അല്ലാഹുവിനോട് അനുവാദം ചോദിക്കും. അപ്പോള്‍ അതിന് അനുവാദം ലഭിക്കും. അടുത്തു തന്നെ വീണ്ടും സുജൂദ് ചെയ്യാന്‍ അവസരം വരും. അപ്പോള്‍ ആ സുജൂദ് സ്വീകരിക്കപ്പെടുകയില്ല. പിന്നെയും ഉദിക്കാന്‍ അല്ലാഹുവിനോടു സമ്മതം ചോദിക്കും. അപ്പോള്‍ അതിനു സമ്മതം ലഭിക്കുകയില്ല. നീ വന്നയിടത്തേയ്ക്കുതന്നെ മടങ്ങിക്കൊള്ളുക എന്ന് അതിനു കല്‍പ്പന ലഭിക്കും. അനന്തരം സാധാരണ അസ്തമിക്കാറുള്ള സ്ഥലത്തുനിന്ന് അത് ഉദയം ചെയ്യും…സൂര്യന്‍ അതിന്റെ വിശ്രമത്താവളത്തിലേയ്ക്കു സഞ്ചരിക്കുന്നു എന്ന ഖുര്‍ ആന്‍ വാക്യത്തിന്റെ പരുള്‍ അതാണ്.”(ബുഖാരി-1314. സി എന്‍ )

ഉദയം മുതല്‍ അസ്തമയം വരെയുള്ള സാധാരണ കാണുന്ന സഞ്ചാരത്തെ ഉദ്ദേശിച്ചു തന്നെയാണു ഖുര്‍ ആന്‍ പറയുന്നതെന്നു നബി ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്. രാത്രി സമയത്ത് സൂര്യന്‍ അല്ലാഹുവിന്റെ ഇരിപ്പിടത്തിനു കീഴെ വിശ്രമിക്കുകയാണു ചെയ്യുന്നത്.!
സൂര്യന്‍ ഒരു ചെളിവെള്ളത്തടാകത്തിലാണ് അസ്തമിക്കുന്നതെന്ന് ദുല്‍ഖര്‍ നൈന്‍ ന്റെ ചരിത്രം വിവരിക്കവെ ഖുര്‍ ആന്‍ മറ്റൊരിടത്തും പറയുന്നു:

فَأَتْبَعَ سَبَباً
حَتَّىٰ إِذَا بَلَغَ مَغْرِبَ ٱلشَّمْسِ وَجَدَهَا تَغْرُبُ فِي عَيْنٍ حَمِئَةٍ وَوَجَدَ عِندَهَا قَوْماً قُلْنَا يٰذَا ٱلْقَرْنَيْنِ إِمَّآ أَن تُعَذِّبَ وَإِمَّآ أَن تَتَّخِذَ فِيهِمْ حُسْناً * قَالَ أَمَّا مَن ظَلَمَ فَسَوْفَ نُعَذِّبُهُ ثُمَّ يُرَدُّ إِلَىٰ رَبِّهِ فَيُعَذِّبُهُ عَذَاباً نُّكْراً

“അങ്ങനെ അദ്ദേഹം ഒരു വഴിയേ സഞ്ചരിച്ചു. ഒടുവില്‍ സൂര്യന്‍ അസ്തമിക്കുന്ന സ്ഥാനത്തെത്തിയപ്പോള്‍ കറുത്ത ഒരു ചെളിത്തടാകത്തില്‍ അത് അസ്തമിക്കുന്നത് അദ്ദേഹം കണ്ടു. അതിനടുത്ത് ഒരു ജനതയേയും കണ്ടു….”(18:85,86)

ثُمَّ أَتْبَعَ سَبَباً * حَتَّىٰ إِذَا بَلَغَ مَطْلِعَ ٱلشَّمْسِ وَجَدَهَا تَطْلُعُ عَلَىٰ قَوْمٍ لَّمْ نَجْعَل لَّهُمْ مِّن دُونِهَا سِتْراً

“പിന്നീടദ്ദേഹം മറ്റൊരു വഴിയേ സഞ്ചരിച്ചു. ഒടുവില്‍ സൂര്യന്‍ ഉദിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ മറ്റൊരു ജനതയുടെ മേല്‍ അതു ഉദിക്കുന്നതായി അദ്ദേഹം കണ്ടു. അവര്‍ക്കും സൂര്യനും ഇടയില്‍ നാം ഒരു മറ വെച്ചിരുന്നില്ല. (18:89,90)

സൌരയൂഥ സിദ്ധാന്തം തീര്‍ത്തും ഖുര്‍ ആന്‍ വിരുദ്ധമാണെന്നു വ്യക്തം! എന്നിട്ടും വിശ്വാസികള്‍ ഖുര്‍ ആനും ഹദീസും മുഖവിലക്കെടുക്കാതെ ശാസ്ത്രം പറയുന്നതിന്റെ പിന്നാലെ വ്യാഖ്യാനക്കസര്‍ത്തുമായി പരക്കം പായുന്നു. ! ഖുര്‍ ആന്‍ തെറ്റാണെന്നു പറയാന്‍ മാത്രം നിങ്ങളുടെ കയ്യില്‍ എന്തറിവാണുള്ളതെന്നവര്‍ നമ്മളോടു ചോദിക്കുകയും ചെയ്യുന്നു.
ആകാശഗോളങ്ങളുടെ സഞ്ചാരം എന്നത് തികച്ചും ആപേക്ഷികമായ ഒരു സംഗതിയാണ്. ഭൂമിയില്‍നിന്നു സൂര്യന്‍ സഞ്ചരിക്കുന്നു എന്ന് നാം പറയുമ്പോള്‍ ഭൂമിയെ അപേക്ഷിച്ചുള്ള സൂര്യന്റെ സ്ഥാനമാറ്റത്തെയാണര്‍ത്ഥമാക്കുന്നത്. ആ അര്‍ത്ഥത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്നില്ല . ഭൂമിയാണു സ്വയം കറങ്ങുകയും സൂര്യനെ വലം വെക്കുകയും ചെയ്യുന്നത്. ഉദയവും അസ്തമയവുമൊക്കെ നമ്മുടെ വെറും ‘കാഴ്ച്ച’ മാത്രമാണ്. അതൊന്നും പക്ഷേ, ആറാം നൂറ്റാണ്ടിലെ മനുഷ്യര്‍ക്കോ അവരുടെ ‘ദൈവ’ങ്ങള്‍ക്കോ അറിയുമായിരുന്നില്ല.

ചന്ദ്രന്‍ ഭൂമിയുടെ ഉപഗ്രഹമാണ്. അതിനു സ്വയം പ്രകാശമില്ല. പാറയാണതിന്റെ ഉപരിതലം. ഒരു സാധാരണ ടെലസ്കോപ്പില്‍ക്കൂടെ നോക്കിയാല്‍ ഇന്നതാര്‍ക്കും ബോധ്യപ്പെടും. മനുഷ്യന്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പേ അവിടെ ഇറങ്ങി പാറക്കല്ലുകള്‍ കൊണ്ടുവന്നു. ഇതിന്റെയൊക്കെ വീഡിയോ ദൃശ്യങ്ങള്‍ സുലഭമാണ്. ഖുര്‍ ആനില്‍ തെറ്റുണ്ടെന്നു പറയാന്‍ നിങ്ങളുടെ കയ്യില്‍ തെളിവെന്ത്? എന്നു ചോദിക്കുന്ന സുഹൃത്തുക്കള്‍ക്കു വേണ്ടിയാണിതൊക്കെ വിശദീകരിക്കുന്നത്. ചന്ദ്രന്‍ ഒരു വെളിച്ചമാണ് എന്ന ഖുര്‍ ആന്‍ വെളിപാട് അക്കാലത്തെ മനുഷ്യന്റെ കാഴ്ച്ചയോ ആകാശത്തിരുന്ന് എല്ലാം കാണുന്ന ഒരു ദൈവത്തിന്റെ വിശദീകരണമോ? സാമാന്യബുദ്ധിക്കു വിടുന്നു ഈ ചോദ്യം.

നക്ഷത്രങ്ങളും പിശാചുക്കളും.

وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَجَعَلْنَٰهَا رُجُوماً لِّلشَّيَٰطِينِ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ
“ഏഴാകാശങ്ങളില്‍ ഏറ്റവും താഴത്തെ ആകാശത്തെ നക്ഷത്രങ്ങള്‍ കൊണ്ടലങ്കരിച്ചിരിക്കുന്നു. നക്ഷത്രങ്ങളെ പിശാചുക്കളെ എറിയുന്നതിനുള്ള അസ്ത്രങ്ങളാക്കുകയും ചെയ്തിരിക്കുന്നു.”(67:5)

إِنَّا زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِزِينَةٍ ٱلْكَوَاكِبِ
وَحِفْظاً مِّن كُلِّ شَيْطَانٍ مَّارِدٍ
لاَّ يَسَّمَّعُونَ إِلَىٰ ٱلْمَلإِ ٱلأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ
دُحُوراً وَلَهُمْ عَذابٌ وَاصِبٌ
إِلاَّ مَنْ خَطِفَ ٱلْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ

“ധിക്കാരികളായ എല്ലാ പിശാചുക്കളില്‍നിന്നും ആകാശത്തെ സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു. ഉന്നത സദസ്സില്‍നിന്ന് ആ പിശാചുക്കള്‍ക്കു കട്ടു കേള്‍ക്കാന്‍ സാധിക്കുകയില്ല. നാനാഭാഗത്തുനിന്നും അവര്‍ എറിഞ്ഞ് ആട്ടിയോടിക്കപ്പെടും. അവര്‍ക്കാണു ശാശ്വത ശിക്ഷയുള്ളത്. എന്നാല്‍ റാഞ്ചിക്കൊണ്ടു പോകുന്ന ചിലര്‍ ഒഴികെ. തുളച്ചു ചെല്ലുന്ന അഗ്നി അവനെ പിന്തുടരും”(37:6-10)

ആകാശപ്പന്തലിന്റെ അടിഭാഗത്തു പറ്റിച്ചു വെച്ചിട്ടുള്ള മിന്നാമിന്നുഗോളങ്ങളാണു നക്ഷത്രങ്ങള്‍ എന്ന് അക്കാലത്തെ അറബികളെപ്പോലെ അല്ലാഹുവും ധരിച്ചുവെച്ചിരിക്കുന്നു! ലോകാവസാനനാളില്‍ ഈ നക്ഷത്രങ്ങളെല്ലാം തുടച്ചു നീക്കുമെന്നും അവഭൂമിയിലേക്ക് ഉതിര്‍ന്നു വീഴുമെന്നും പറയുന്നുണ്ട്.(81:2, 77:8)وَإِذَا ٱلنُّجُومُ ٱنكَدَرَتْ فَإِذَا ٱلنُّجُومُ طُمِسَتْ

നക്ഷത്രങ്ങളെക്കൊണ്ട് അല്ലാഹു പിശാചുക്കളെ എറിയുന്നതിന്റെ രഹസ്യം നബി വിശദീകരിച്ചിട്ടുള്ളത് ഏറെ രസകരമാണ്. ആകാശത്തു വെച്ച് അല്ലാഹുവും അദ്ദേഹത്തിന്റെ മന്ത്രിമാരായ മലക്കുകളും ഭൂമിയിലെ ഭാവി കാര്യങ്ങളെ കുറിച്ച് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെ ആ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പിശാചുക്കള്‍ ആകാശത്തിന്റെ ചുവട്ടില്‍ പതുങ്ങിച്ചെന്ന് കാതോര്‍ത്തിരിക്കും. പ്രശ്നം വെച്ച് ഭാവി പ്രവചിക്കുന്ന ജ്യോത്സ്യന്മാര്‍ക്കും മറ്റും വിവരങ്ങള്‍ എത്തിച്ചു കൊടുക്കാനാണതെ പിശാചുക്കള്‍ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊണ്ടു പോകുന്നത്. ഈ ചാരപ്പണിക്കാരെ ദൃഷ്ടിയില്‍ പെട്ടാല്‍ അല്ലാഹു നക്ഷത്രങ്ങള്‍ പെറുക്കി എറിയും. ഏറു കൊണ്ട് അവചത്തു കരിയും. ഏറു കൊള്ളാതെ രക്ഷപ്പെടുന്നവര്‍ കിട്ടിയ രഹസ്യങ്ങളും റാഞ്ചിക്കൊണ്ട് കണിയാന്മാരുടെ അടുത്തെത്തും. അല്ലാഹു പിശാചുക്കള്‍ക്കു നേരെ നടത്തുന്ന ഈ ‘ചാത്തനേറ്’ ആണു രാത്രിയില്‍ ആകാശത്തു നാം ഇടക്കിടെ കാണുന്ന ഉള്‍ക്കകള്‍ !!

ഖുര്‍ ആന്‍ നമുക്കു വിളമ്പിത്തരുന്ന അദൃശ്യവിജ്ഞാനങ്ങളുടെ ഒരു മോഡലാണിത്. ജ്യോത്സ്യന്മാരും മറ്റും ഭാവി പ്രവചിക്കുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ പിടി കിട്ടിയില്ലേ?

ഇ‍ക്കാര്യത്തില്‍ പിശാചുക്കള്‍ നേരിട്ടു നല്‍കുന്ന സാക്ഷ്യപത്രം കൂടി കാണുക:

وَأَنَّا لَمَسْنَا ٱلسَّمَآءَ فَوَجَدْنَاهَا مُلِئَتْ حَرَساً شَدِيداً وَشُهُباً
وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ فَمَن يَسْتَمِعِ ٱلآنَ يَجِدْ لَهُ شِهَاباً رَّصَداً
“തീര്‍ച്ചയായും ആകാശലോകത്തെ രഹസ്യങ്ങള്‍ തേടി ഞങ്ങള്‍ പോയി. എന്നാല്‍ ശക്തരായ കാവല്‍ക്കാരും അഗ്നി ബോംബുകളും കൊണ്ട് ആകാശം നിറഞ്ഞതായി ഞങ്ങള്‍ കണ്ടു. ഒളിഞ്ഞു കേള്‍ക്കുന്നതിനായി അതില്‍ ചില സ്ഥലങ്ങളില്‍ ഞങ്ങള്‍ ഇരിക്കുമായിരുന്നു. എന്നാലിപ്പോള്‍ ആരെങ്കിലും അപ്രകാരം കാതോര്‍ക്കുന്നുവോ അവനെ ലക്ഷ്യം വെക്കുന്ന തീഗോളങ്ങളെ അവന്‍ കാണുകയായി.”(72:8,9)

നക്ഷത്രഗണത്തിലെ ഒരിടത്തരം നക്ഷത്രമായ സൂര്യനു ഭൂമിയുടെ പതിമൂന്നര ലക്ഷം ഇരട്ടി വലിപ്പമുണ്ട്. അതുപോലുള്ള നക്ഷത്രങ്ങളാണു ആകാശക്കുടയില്‍ പറ്റിച്ചുവെച്ച രത്നക്കല്ലുകളായി നാം നോക്കിക്കാണുന്നത്. ഭൂമിയിലെ കൊച്ചു പിശാചുക്കളെ ഓടിക്കാന്‍ ഭൂമിയെക്കാള്‍ അനേകം മടങ്ങു വലിപ്പമുള്ള ഈ തീ ബോംബുകള്‍ പെറുക്കി എറിയുന്ന ദൈവത്തിന്റെ പാഴ്വേലയെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ.!

പിശാചുക്കളുടെ വലിപ്പം മനസ്സിലാക്കാന്‍ ഈ ഹദീസും സഹായകമായിരിക്കും:

“അബൂ ഹുറൈറ പറയുന്നു: തിരുമേനി അരുളി: “നിങ്ങളില്‍ വല്ലവനും ഉറക്കത്തില്‍നിന്നുണര്‍ന്നാല്‍ അവന്‍ വുളു എടുക്കുകയും മൂന്നു പ്രാവശ്യം മൂക്കില്‍ വെള്ളം കയറ്റി ചീറ്റുകയും ചെയ്യട്ടെ എന്തുകൊണ്ടെന്നാല്‍ അവന്റെ മൂക്കിന്റെ ദ്വാരത്തിലാണു പിശാചു രാത്രി കഴിച്ചുകൂട്ടുക.”(ബുഖാരി: 1352)

ഒരിക്കല്‍ മു ആദുബ്നു ജബല്‍ , സഅലത്തുബ്നു ഗനം എന്നീ സ്വഹാബികള്‍ പ്രവാചകനോട് ഇപ്രകാരം ചോദിച്ചു: “പ്രവാചകരേ! എന്താണു ചന്ദ്രക്കല? അതു നൂലു പോലെ മൃദുവായി പ്രത്യക്ഷപ്പെട്ട് പിന്നെ ക്രമേണ വലുതാകുന്നു. വീണ്ടും പഴയ പടി ആയിത്തീരുന്നു. സൂര്യനെപ്പോലെ എപ്പോഴും ഒരേ നിലക്കല്ലല്ലോ കാണപ്പെടുന്നത്? ഈ ചോദ്യത്തിന് ‍ അല്ലാഹു തന്നെയാണു മറുപടി നല്‍കിയത്.:

يَسْأَلُونَكَ عَنِ ٱلأَهِلَّةِ قُلْ هِيَ مَوَاقِيتُ لِلنَّاسِ وَٱلْحَجِّ وَلَيْسَ ٱلْبِرُّ بِأَن تَأْتُواْ ٱلْبُيُوتَ مِن ظُهُورِهَا وَلَـٰكِنَّ ٱلْبِرَّ مَنِ ٱتَّقَىٰ وَأْتُواْ ٱلْبُيُوتَ مِنْ أَبْوَابِهَا وَٱتَّقُواْ ٱللَّهَ لَعَلَّكُمْ تُفْلِحُونَ
“ചന്ദ്രക്കലകളെക്കുറിച്ച് അവര്‍ താങ്കളോട് ചോദിക്കുന്നു. പറയുക: അവ മനുഷ്യര്‍ക്കും ഹജ്ജിനും സമയം കണക്കാക്കാനുള്ളതാകുന്നു”(2:189)

അരിയെത്ര എന്ന ചോദ്യത്തിന് പയറുപ്പേരിക്ക് എന്ന മറുപടിയാണിവിടെ കിട്ടിയത്! ചന്ദ്രനു വൃദ്ധിക്ഷയം സംഭവിക്കുന്നതെന്തുകൊണ്ടാണ് എന്നു വിശദീകരിച്ചു കൊടുക്കാന്‍ അന്ന് മുഹമ്മദിനു സാധിച്ചില്ലെങ്കില്‍ അതിനു നമുക്കദ്ദേഹത്തെ കുറ്റം പറയാനൊക്കില്ല. എന്നാല്‍ പ്രപഞ്ചം മുഴുവനും ഉണ്ടാക്കി പരിപാലിക്കുന്ന ഒരു ‘സ്രഷ്ടാവി’ന് ഈ നിസ്സാര കാര്യം പോലും പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞില്ല എന്നത് ചിന്തിക്കുന്നവര്‍ക്കുള്ള ഒരു ദൃഷ്ടാന്തം തന്നെയല്ലേ?
മറ്റൊരിടത്തു ഖുര്‍ ആന്‍ പറയുന്നു:

هُوَ ٱلَّذِي جَعَلَ ٱلشَّمْسَ ضِيَآءً وَٱلْقَمَرَ نُوراً وَقَدَّرَهُ مَنَازِلَ لِتَعْلَمُواْ عَدَدَ ٱلسِّنِينَ وَٱلْحِسَابَ مَا خَلَقَ ٱللَّهُ ذٰلِكَ إِلاَّ بِٱلْحَقِّ يُفَصِّلُ ٱلآيَاتِ لِقَوْمٍ يَعْلَمُونَ
“സൂര്യനെ ഒരു തിളക്കമായും ചന്ദ്രനെ ഒരു വെളിച്ചമായും ആക്കിയതും അതിനു വിവിധ ഘട്ടങ്ങള്‍ നിര്‍ണയിച്ചതും അവനാകുന്നു. കൊല്ലങ്ങളുടെ എണ്ണവും കണക്കും നിങ്ങള്‍ക്കറിയാന്‍ വേണ്ടിയാണത്. ന്യായമായ ആവശ്യത്തിനു‍ വേണ്ടിത്തന്നെയാണു അല്ലാഹു അവയെ സൃഷ്ടിച്ചിട്ടുള്ളത്. അറിയുന്ന ജനതക്കായി ദൃഷ്ടാന്തങ്ങള്‍ അവന്‍ വിവരിച്ചു കൊടുക്കുന്നു.”(10:5)

നക്ഷത്രങ്ങള്‍ മനുഷ്യര്‍ക്കു വഴി കാണിക്കാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും പറയുന്നുണ്ട്.
ഭൂമിയെന്ന ഈ കൊച്ചു ഗോളത്തിലെ മനുഷ്യരെന്ന നിസ്സാര ജീവിക്ക് ഒരു വാച്ചിന്റെയോ കലണ്ടറിന്റെയോ പ്രയോജനം ലഭിക്കുന്നതിനായി ഭൂമിയെക്കാള്‍ ദശലക്ഷക്കണക്കിനു മടങ്ങ് വ്യാപ്തവും പിണ്ഡവുമുള്ള പരകോടി നക്ഷത്രഗോളങ്ങളെ സൃഷ്ടിച്ച ദൈവത്തിന്റെ പ്രായോഗികബുദ്ധി വിസ്മയകരം തന്നെ!!

മൂക്കും ചെവിയും എന്തിനാണെന്ന ഹെഡ്മാസ്റ്ററുടെ ചോദ്യത്തിന് , “അതു കണ്ണട താഴെ വീഴാതിരിക്കാനാണ്” എന്നുത്തരം പറയുന്ന ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കമായ വിവരക്കേടാണിവിടെ നാം കാണുന്നത്. ! ബുദ്ധിമാന്‍ മാരായ വ്യാഖ്യാതാക്കള്‍ ഇല്ലായിരുന്നെങ്കില്‍ അല്ലാഹുവിന്റെ കാര്യം മഹാ കഷ്ടമായേനേ!

തുടരും…

Leave a Reply

Your email address will not be published. Required fields are marked *