പ്രവാചകന്‍മാരില്‍ നിന്ന് തങ്ങളുടെ കരാര്‍ നാം വാങ്ങിയ സന്ദര്‍ഭം ( ശ്രദ്ധേയമാണ്. ) നിന്‍റെ പക്കല്‍ നിന്നും നൂഹ്, ഇബ്രാഹീം, മൂസാ, മര്‍യമിന്‍റെ മകന്‍ ഈസാ എന്നിവരില്‍ നിന്നും ( നാം കരാര്‍ വാങ്ങിയ സന്ദര്‍ഭം. ) ഗൌരവമുള്ള ഒരു കരാറാണ് അവരില്‍ നിന്നെല്ലാം നാം വാങ്ങിയത്. (33:7)
അവന് സത്യവാന്‍മാരോട് അവരുടെ സത്യസന്ധതയെപ്പറ്റി ചോദിക്കുവാന്‍ വേണ്ടിയത്രെ അത്. സത്യനിഷേധികള്‍ക്ക് അവന്‍ വേദനയേറിയ ശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. (33:8)
മറ്റു പ്രവാചകന്മാരൊക്കെ കാലഹരണപ്പെട്ടവരാണെന്നും അവര്‍ക്കൊന്നും തന്റെയത്ര വിശുദ്ധിയും ശ്രേഷ്ഠതയും ഇല്ലെന്നും സ്ഥാപിക്കാന്‍ മുഹമ്മദ് ശ്രമിച്ചിരുന്നു. ഈ സൂക്തത്തില്‍ മറ്റു പ്രവാചകന്മാരുമായി അല്ലാഹു ഉണ്ടാക്കിയ കരാറിനെക്കുറിച്ചു പറയുന്നു. ഓരോ പ്രവാചകനും അവരുടെ വേദഗ്രന്ഥവും നിശ്ചിത കാലാവധി കഴിഞ്ഞാല്‍ അപ്രസക്തമാകും എന്ന് ദൈവം നേരത്തെ തന്നെ അവരുമായി കരാറുറപ്പിച്ചിരുന്നുവെന്നും ആ കരാറിനെയാണിവിടെ സൂചിപ്പിക്കുന്നതെന്നുമാണു വ്യാഖ്യാതാക്കള്‍ പറയുന്നത്.
മറ്റു നബിമാരെ പറയുന്ന കൂട്ടത്തില്‍ “നിന്നില്‍ നിന്നും” എന്ന് ആദ്യം പറഞ്ഞതു തന്നെ മുഹമ്മദിനു മറ്റു നബിമാരെക്കാള്‍ പ്രാധാന്യമുള്ളതുകൊണ്ടാണെന്നാണു വ്യാഖ്യാനം. താനാണു നബിമാരില്‍ ശ്രേഷ്ഠന്‍ എന്നു സ്താപിക്കാന്‍ മുഹമ്മദ് നിരവധി കഥകള്‍ മെനഞ്ഞുണ്ടാക്കിയതായി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം.
ഏതാനും സാമ്പിളുകള്‍ ഇതാ:
“അബൂ സഇദുല്‍ ഖുദ് രി പറയുന്നു: നബി പറഞ്ഞു :“അന്ത്യനാളില്‍ ആദം സന്തതികളുടെ നേതാവ് ഞാനായിരിക്കും. ഞാനതില്‍ അഹങ്കരിക്കുന്നില്ല. എന്റെ കയ്യില്‍ സ്തുതിയുടെ പതാകയുണ്ടായിരിക്കും. അന്ന് എല്ലാ നബിമാരും എന്റെ കൊടിക്കീഴിലായിരിക്കും. ഭൂമിയില്‍ നിന്നും ഏറ്റവും ആദ്യം പുറത്തു വരുന്നതും ഞാനായിരിക്കും..”(തുര്‍മുദി)
“അന്ത്യനാളില്‍ ഞാന്‍ നബിമാരുടെ മുമ്പില്‍ ആയിരിക്കും. അവരുടെ വക്താവും ശുപാര്‍ശകനും ഞാനായിരിക്കും. തെല്ലും അഹങ്കാരമില്ലാതെയാണു ഞാനിതു പറയുന്നത്.” (തുര്‍മുദി)
അബൂ ഹുറൈറ പറയുന്നു: ഒരു സല്‍ക്കാരത്തില്‍ ഞങ്ങള്‍ തിരുമേനിയുടെ കൂടെ പങ്കെടുത്തിരുന്നു. ഒരു ആടിന്റെ കൈക്കുറക് നബിയുടെ മുമ്പില്‍ കൊണ്ടു വെച്ചു. അത് നബിക്ക് വളരെ ഇഷ്ട്പ്പെട്ട വിഭവമായിരുന്നു. നബി തന്റെ തിരു കരം കൊണ്ട് അതെടുത്തു തിന്നുകൊണ്ടു പറഞ്ഞു: “അന്ത്യനാളില്‍ ഞാന്‍ സര്‍വ്വ മനുഷ്യര്‍ക്കും നേതാവായിരിക്കും. അതു പ്രകടമാക്കുന്നതിന്റെ രൂപം നിങ്ങള്‍ക്കറിയാമോ?..ലോകാരംഭം മുതല്‍ അവസാനം വരെയുള്ള സര്‍വ്വ മനുഷ്യരെയും അല്ലാഹു ഒരു മൈതാനത്തില്‍ ഒരുമിച്ചു കൂട്ടും. നോക്കുന്നവര്‍ക്ക് എല്ലാവരെയും കാണാന്‍ കഴിയും . വിളിക്കുന്നവര്‍ക്ക് എല്ലാവരെയും കേള്‍പ്പിക്കാനും കഴിയും. സൂര്യന്‍ വളരെ അടുത്തായിരിക്കും. വളരെ അസഹനീയമായിരിക്കും അവസ്ഥ. ഈ ഘട്ടത്തില്‍ ആളുകള്‍ അന്യോന്യം പറയും. “എന്തൊരു ദുരിതമാണിത്! അല്ലാഹുവിന്റെ അടുക്കല്‍ ചെന്നു ശുപാര്‍ശ ചെയ്യാന്‍ കഴിയുന്ന ഏതെങ്കിലും ഒരു പുണ്യപുരുഷനെ നമുക്കു സമീപിക്കാം .”ചിലര്‍ പറയും നമ്മുടെ പിതാവായ ആദമിനെ സമീപിക്കാം. അങ്ങനെ അവര്‍ ആദം നബിയുടെ അടുക്കല്‍ ചെന്നു പറയും . “ ഓ ആദം! നിങ്ങള്‍ മനുഷ്യവംശത്തിന്റെ പിതാവാണ്. അല്ലാഹു സ്വന്തം കരം കൊണ്ട് അങ്ങയെ സൃഷ്ടിച്ചു. എന്നിട്ട് തന്റെ ആത്മാവിനെ അങ്ങയുടെ ഉള്ളില്‍ നിക്ഷേപിച്ചു. അല്ലാഹുവിന്റെ ആജ്ഞയനുസരിച്ച് മലക്കുകള്‍ അങ്ങയെ നമിച്ചു. അങ്ങയെ അല്ലാഹു സ്വര്‍ഗ്ഗത്തില്‍ അധിവസിപ്പിക്കുകയും ചെയ്തു. അങ്ങ് ഞങ്ങള്‍ക്കു വേണ്ടി അല്ലാഹുവിന്റെ അടുക്കല്‍ ചെന്നു ശുപാര്‍ശ ചെയ്യില്ലേ? ഞങ്ങളുടെ ഈ ദുരിതം അങ്ങു കാണുന്നില്ലേ?”
ഇതിനു മറുപടിയായി ആദം അവരോടു പറയും “വിശ്വസിക്കുക, ഇന്ന് എന്റെ നാഥന്‍ വലിയ കോപത്തിലാണ്. ഇതിനു മുമ്പൊരിക്കലും ഇത്ര കോപം ഉണ്ടായിട്ടില്ല. ഇനിയൊരിക്കലും ഉണ്ടാവുകയുമില്ല. എന്റെ നാഥന്‍ ഒരു മരത്തിനടുത്തു പോകുന്നതില്‍നിന്നും എന്നെ വിലക്കിയിരുന്നു. ഞാനാ വിലക്കു ലംഘിച്ചു. എനിക്ക് എന്റേതായ പ്രശ്നങ്ങളുണ്ട്. നഫ്സീ…നഫ്സീ..നഫ്സീ..അതുകൊണ്ട് നിങ്ങള്‍ മറ്റാരുടെയെങ്കിലും അടുത്ത് പോയി നോക്കൂ.”
പിന്നീടവര്‍ നൂഹ് നബിയുടെ അടുത്തു പോകും….അദ്ദേഹം പറയും “ഇന്ന് എന്റെ നാഥന്‍ വലിയ കോപത്തിലാണ്. ..ഞാന്‍ എന്റെ ജനതക്കെതിരായി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ എന്നെ ശിക്ഷിക്കുമോ എന്നാണെന്റെ പേടി. നഫ്സീ…നഫ്സീ..നഫ്സീ. നിങ്ങള്‍ മറ്റു വല്ലവരെയും സമീപിക്കുക…”
പിന്നീടവര്‍ ഇബ്രാഹിം നബിയെ സമീപിക്കും… അദ്ദേഹം പറയും.. എന്റെ നാഥന്‍ ഇന്നു വലിയ കോപത്തിലാണ്. ഞാന്‍ മൂന്നു കളവു പറഞ്ഞിട്ടുണ്ട്. അതിന്റെ പേരില്‍ എനിക്കു ശിക്ഷയുണ്ടാകുമോ എന്ന പേടിയിലാണു ഞാന്‍. നഫ്സീ…നഫ്സീ..നഫ്സീ. നിങ്ങള്‍ മറ്റു വല്ലവരെയും സമീപിക്കൂ…”
പിന്നീടവര്‍ മൂസാനബിയുടെ അടുത്തു ചെല്ലും … അദ്ദേഹം പറയും “ഞാന്‍ ഒരാളെ കൊല ചെയ്തു പോയിട്ടുണ്ട്. അതിനുള്ള ശിക്ഷ കിട്ടുമോ എന്നതാണെന്റെ പേടി…നഫ്സീ…നഫ്സീ..നഫ്സീ. നിങ്ങള്‍ മറ്റാരെയെങ്കിലും സമീപിക്കൂ..”
തുടര്‍ന്നവര്‍ ഇസാനബിയെ സമീപിക്കും. “എന്റെ നാഥന്‍ മുമ്പൊരിക്കലുമില്ലാത്ത വിധം കോപത്തിലാണ്. നഫ്സീ…നഫ്സീ..നഫ്സീ. …”
പിന്നീടവര്‍ എന്റെ അടുത്തു വന്ന് ഇങ്ങനെ ബോധിപ്പിക്കും. “ഓ മുഹമ്മദ് അങ്ങ് അല്ലാഹുവിന്റെ അന്ത്യദൂതരാണ്. അങ്ങേക്ക് അല്ലാഹു എല്ലാ അനുഗ്രഹങ്ങളും നല്‍കിയിരിക്കുന്നു. അതുകൊണ്ട് അല്ലാഹുവിന്റെ സന്നിധിയില്‍ ചെന്ന് ഞങ്ങള്‍ക്കു വേണ്ടി ശുപാര്‍ശ ചെയ്താലും. ..”
അങ്ങനെ ഞാന്‍ അവിടെ നിന്നു പുറപ്പെടും . അര്‍ശിന്റെ താഴെ ചെന്ന് പ്രപഞ്ചനാഥനു സുജൂദ് ചെയ്യും. അപ്പോള്‍ അല്ലാഹു എന്നെ സ്തുതിക്കുകയും പ്രശംസിക്കുകയും ചെയ്യും. മുമ്പ് ആരുടെയും നേരെ ചൊരിയാത്തത്ര ഹൃദ്യവും മധുരവുമായ പ്രശംസയായിരിക്കും എന്റെ നേരെ അല്ലാഹു ചൊരിയുക. അല്ലാഹു പറയും: “ ഓ മുഹമ്മദ്! ശിരസ്സുയര്‍ത്തുക. എന്നിട്ട് ആവശ്യപ്പെടുക. താങ്കളുടെ ആവശ്യം നിറവേറ്റപ്പെടുന്നതാണ്. ശുപാര്‍ശ ചെയ്യുക. അത് അംഗീകരിക്കപ്പെടുന്നതാണ്. ”
അങ്ങനെ ഞാന്‍ ശിരസ്സുയര്‍ത്തും. എന്നിട്ട് ദൈവ സന്നിധിയില്‍ ബോധിപ്പിക്കും. എന്റെ നാഥാ എന്റെ സമുദായത്തിന്റെ മേല്‍ നീ കരുണ ചൊരിയേണമേ. അല്ലാഹു നിര്‍ദ്ദേശിക്കും : “ ഓ മുഹമ്മദ്! നിങ്ങളുടെ സമുദായത്തില്‍ പെട്ട വിചാരണ വേണ്ടാത്ത ആളുകളെ മുഴുവന്‍ സ്വര്‍ഗ്ഗത്തിന്റെ വലതു കവാടത്തിലൂടെ പ്രവേശിപ്പിച്ചു കൊള്ളുക…”(ബുഖാരി, മുസ്ലിം, ഉദ്ധരിച്ചുകൊണ്ട് തര്‍ഗീബ് രേഖപ്പെടുത്തിയ ഹദീസാണിത്.)
“തീര്‍ച്ചയായും അല്ലാഹുവും മലക്കുകളും നബിയുടെ മേല്‍ സ്വലാത്തു ചൊല്ലുന്നു. നിങ്ങളും അദ്ദേഹത്തിനു സ്വലാത്തും സലാമും ചൊല്ലുവിന്‍” . ഖുര്‍ ആന്‍ (33:56)
അലി റിപ്പോര്‍ട്ടു ചെയ്യുന്നു: നബി അരുളി: “യാതൊരുവന്റെ അടുത്തു വെച്ച് എന്നെകുറിച്ചു പരാമര്‍ശിക്കപ്പെടുമ്പോള്‍ അവന്‍ എന്റെ മേല്‍ സ്വലാത്തു ചൊല്ലുന്നില്ലയോ അവനാണു പിശുക്കന്‍.”(തുര്‍മുദി)
ഇബ്നു മസൂദ് റിപ്പോറ്ട്ട് ചെയ്യുന്നു. നബി പറഞ്ഞു: “ജനങ്ങളില്‍ വെച്ചു ഖിയാമത്തു നാളില്‍ എന്നോട് ഏറ്റവും അടുത്തവന്‍ അവരില്‍ എന്റെ പേരില്‍ കൂടുതല്‍ സ്വലാത്തു ചൊല്ലുന്നവനാണ്. ”(തുര്‍മുദി)
അബൂഹുറൈറയും അബ്ദുല്ലാഹിബ്നു അമ്രും റിപ്പോര്‍ട്ടു ചെയ്യുന്നു: നബി പറഞ്ഞു: “എന്റെ പേരില്‍ ആരെങ്കിലും ഒരു പ്രാവശ്യം സ്വലാത്തു നേര്‍ന്നാല്‍ അല്ലാഹു അവന്റെ പേരില്‍ പത്തു പ്രാവശ്യം സ്വലാത്തു നേരും.” (മുസ്ലിം)
തന്റെ പിന്നാലെ സ്വലാത്തും ചൊല്ലി നടക്കുന്ന ഒരു ഒരു കുട്ടിദൈവമാക്കി മുഹമ്മദ് അല്ലാഹുവിനെ ചെറുതാക്കി.
ഇതിന്റെ പ്രതിഫലനം ഇന്നും പ്രകടമായിത്തന്നെ നമ്മുടെ മുന്നില്‍ കാണാം. ഞാന്‍ ഉദ്ധരിക്കാറുള്ള തഫ്സീറുകളിലും മറ്റും മുഹമ്മദ് എന്നോ നബിയെന്നോ പരാമര്‍ശിക്കുന്നേടത്തെല്ലാം ഈ സ്വലാത്തിന്റെ വചനങ്ങള്‍ അരോചകമാം വിധം തിരുകിച്ചേര്‍ത്തതു ശ്രദ്ധിച്ചിരിക്കുമല്ലോ. നബിയുടെ പേര്‍ എവിടെ കേട്ടാലും മുസ്ലിം വിശ്വാസികള്‍ ഈ സ്വലാത്തു മന്ത്രിക്കുന്നതു കാണാം. . മലപ്പുറത്ത് എന്റെ വീട്ടിനു തൊട്ടരികിലാണു ‘സ്വലാത്ത് നഗര്‍’. ഓരോ മാസവും പതിനായിരക്കണക്കിനാളുകള്‍ അവിടെ കൂട്ടമായെത്തി നേരം പുലരുവോളം സ്വലാത്ത് ഉരുവിടുന്നു. ഒന്നിനു പത്തായി അല്ലാഹുവിന്റെ അനുഗ്രഹം കിട്ടുന്ന ഒരു പുണ്യാനുഷ്ഠാനമായി ഈ വ്യക്തിപ്രശംസയെ അവതരിപ്പിച്ച മുഹമ്മദ് ഒരു കൌശലക്കാരന്‍ തന്നെ!.
അബൂ സുഫ് യാന്‍ തന്റെ വാര്‍ദ്ധക്യകാലത്ത് മക്കളോടൊപ്പം പള്ളിയില്‍ ഇരിക്കുമ്പോള്‍ ബാങ്കു വിളി കേട്ടു. “ അശ് ഹദു അന്‍ ലാ ഇലാഹ ഇല്ലള്ളാ, എന്നതിനു ശേഷം , അശ് ഹദു അന്ന മുഹമ്മദന്‍ റസൂലുള്ളാ.. എന്നു കേട്ടപ്പോള്‍ അദ്ദേഹം മക്കളോട് ഇങ്ങനെ പറഞ്ഞതായി ‘നഹ്ജുല്‍ ബലാഗ’ ഉദ്ധരിക്കുന്നു:
“ അവന്‍ [മുഹമ്മദ്] അവന്റെ സ്വന്തം പേരു തിരുകിച്ചേര്‍ത്ത സ്ഥലം കണ്ടില്ലേ?…!”